Saturday 14 September 2013

ചെറിയ ചെറിയ ആഘോഷങ്ങൾ

ഇവിടെയുള്ള മലയാളി സമാജത്തിന്റെ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി (ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ). ആഘോഷങ്ങൾ, ആൾക്കൂട്ടം, വേർതിരിച്ചെടുക്കാനാവാത്ത സംസാരശകലങ്ങൾ, കുട്ടികളുടെ കളികൾ, കലപിലകൾ. ഇതൊക്കെ എനിക്കിഷ്ടമാണ്‌ മറ്റു പലരേയും പോലെ.

ഒരു ബഹളവുമില്ലാതിരുന്നെങ്കിൽ നമ്മുടെ ലോകം എത്ര് വിരസമായെനെ!. ഒരർത്ഥവുമില്ലാത്ത ശബ്ദങ്ങൾ ..അതു പോലുമില്ലാതിരുന്നാൽ ചിലപ്പോൾ ഭ്രാന്ത്‌ പിടിച്ചു പോയേനെ!. ഒരു നിമിഷം കേൾവിശക്തിയില്ലാത്തവരെ ഓർത്തു. അവരുടെ നൈരാശ്യത്തിന്റെ അളവ്‌ - അതു എത്രയായിരിക്കും? എത്ര ഭീകരമായിരിക്കും അവസ്ഥ?. ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്‌ 'take it for granted'. അതിനേക്കുറിച്ച്‌ പറയണോ?

അല്ലെങ്കിലും ഭാഗ്യവാന്മാർക്ക്‌ ഭാഗ്യത്തെക്കുറിച്ചെന്തറിയാം?

ഏകാന്തത സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരുടെ കഥകൾ കേട്ടിട്ടുണ്ട്‌. ശരിക്കും അവർ സ്വന്തം ശരീരം സ്വയം നശിപ്പിച്ചു എന്നേയുള്ളൂ. പക്ഷെ അതിനുമെത്രയോ മു ൻപെ അവർ ശരിക്കും മരിച്ചു പോയിട്ടുണ്ടാവും.

മതങ്ങൾ കൊണ്ട്‌ ഒരു ഗുണമേയുണ്ടായിട്ടുള്ളൂ - ആഘോഷങ്ങൾ!
ആഘോഷങ്ങൾ ഒരു പക്ഷെ ജീവിതത്തിലെ വൈഷമ്യങ്ങൾ, ദുഃഖങ്ങൾ എന്നിവയ്ക്കൊക്കെ മറപിടിക്കുന്നുണ്ടാവും. ചില നിമിഷങ്ങളെങ്കിലും. രാജസ്ഥാനിലെ സ്ത്രീകളുടെ വേഷത്തിനെ കുറിച്ച്‌ മുൻപെവിടെയോ ഒരു പുസ്തകത്തിൽ വായിച്ചതോർക്കുന്നു. കിലോമീറ്ററുകളോളം..മണികൂറുകളോളം വെയിലത്ത്‌ നടന്നാണവർ വെള്ളം ശേഖരിക്കുന്നത്‌ (ഇപ്പോഴത്തെ സ്ഥിതിയറിയില്ല). പൊടിക്കാറ്റ്‌ വീശുന്ന മരുഭൂമി പോലുള്ള, പച്ചപ്പില്ലാത്ത ഭൂമി. അവിടെ ഇല്ലാത്തത്‌ നിറങ്ങളാണ്‌. അവരുടെ ജീവിതം നിറം മങ്ങിയ ഭൂമി പോലെയാണ്‌. പക്ഷെ അവരുടെ വസ്ത്രങ്ങൾ - അവയിലില്ലാത്ത നിറങ്ങളില്ല!. അവർ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ്‌ ജീവിതം നിറമുള്ളതാക്കുന്നു!. ഇതു ചിലപ്പോൾ ഇതെഴുതിയ ആളുടെ ഒരു വീക്ഷണമായിരിക്കാം. പക്ഷെ മനുഷ്യൻ ജീവിതത്തിനു നിറം പിടിപ്പിക്കാൻ എന്തൊക്കെ ചെയ്യുന്നു എന്നു ഈ ഒരു ചെറു വിവരണത്തിലൂടെ നമുക്ക്‌ ആ എഴുത്തുകാരൻ മനസ്സിലാക്കി തരുന്നുണ്ട്‌..

ഒന്നാലോചിക്കുക..നിങ്ങളുടെ ജീവിതം വർണ്ണം നിറഞ്ഞതാണോ?. നിങ്ങൾ അതു വർണ്ണം പകരാൻ വേണ്ടത്‌ ചെയ്യുന്നുണ്ടോ?..ഇല്ലെങ്കിൽ ചെയ്യുക..അല്ലാത്ത പക്ഷം നിങ്ങൾ അറിയാതെ തന്നെ നൈരാശ്യത്തിന്റെ പാതയിലൂടെ നീങ്ങി തുടങ്ങിയിരിക്കുന്നു എന്നനുമാനിക്കാം..

കൂടുതൽ എഴുതുന്നതിനേക്കാൾ കുറച്ചെഴുതി കൂടുതൽ ചിന്തിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതല്ലേ നല്ലത്‌? ;)

Colours of life !!

ഇനി നാളെ..

No comments:

Post a Comment